Zygo-Ad

പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ ബൈക്ക് യാത്രികൻ മരിച്ചു


കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവ ബൈക്ക് യാത്രികൻ ദാരുണാന്ത്യം പ്രാപിച്ചു. നരിക്കുനി കൊടോളി ഒടുപാറയ്ക്കൽ പൊയിൽ ആഖിൽ നാസിം (21) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കല്ലോട് ബൈപ്പാസ് തുടക്കത്തിലെ കയറ്റത്തിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടി ഭാഗത്തുനിന്ന് ദിശ തെറ്റി വന്ന കാർ, എതിർദിശയിൽ കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറുകളിലുണ്ടായിരുന്ന മറ്റാർക്കും പരിക്കുകളില്ല.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ആഖിൽ നാസിമിനെ ഉടൻതന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: മുഹമ്മദ് യൂസുഫ്. മാതാവ്: ഹർഷിത. സഹോദരങ്ങൾ: അഹമ്മദ് സിനാൻ, അദ്നാൻ യൂസുഫ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ