തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. പരാതിക്കാരനായ ജ്വല്ലറി ഉടമയ്ക്ക് സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകൾ പോലീസിന് ലഭിച്ചു. നേരത്തെ സ്വർണം പൊട്ടിക്കൽ സംഘങ്ങൾ ഏൽപ്പിക്കുന്ന സ്വർണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി നൽകിയിരുന്നതായുള്ള വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പത്ത് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്.
ചാലയിൽ കഴിഞ്ഞ 25 വർഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറാണ് മോഷണം സംബന്ധിച്ച് പരാതി നൽകിയത്. സ്ഥാപനത്തിലെ സ്വർണ്ണ ഇടപാടുകളെയും ഉടമയെയും കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ സ്ഥാപനവുമായി ബന്ധപ്പെട്ട ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
വ്യാഴാഴ്ച രാത്രിയായിരുന്നു കവർച്ച നടന്നത്. പഴയ സ്വർണം ശുദ്ധീകരിക്കുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോകുന്ന പതിവ് രീതിയനുസരിച്ച് യാത്ര ചെയ്യുകയായിരുന്ന ഉടമയിൽ നിന്നും മരക്കട എസ്.ബി.ഐ ബ്രാഞ്ചിന് സമീപത്ത് വെച്ചാണ് സ്വർണ്ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. രണ്ട് ഹോണ്ട ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് പ്രതികൾ കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കവർച്ച നടന്ന വ്യാഴാഴ്ച സ്ഥാപനത്തിൽ വലിയ തോതിൽ കച്ചവടം നടന്നിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പറുകൾ പോലീസ് ട്രാക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
