Zygo-Ad

തമിഴ്‌നാട്ടിൽ ദീപാവലി രാത്രിയിൽ ഒൻപത് കൊലപാതകങ്ങൾ; ക്രമസമാധാന തകർച്ചയിൽ സർക്കാരിനെതിരെ പ്രതിപക്ഷം


ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ നടന്നത് ഒൻപത് കൊലപാതകങ്ങൾ. തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ തേനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഉൾപ്പെടുന്നു.

തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമികൾ തല്ലിക്കൊല്ലുകയായിരുന്നു. കടലൂരിലും ശിവഗംഗയിലും കൊല്ലപ്പെട്ടത് ഗുണ്ടാ നേതാക്കളാണ്. തിരുച്ചിറപ്പള്ളിയിൽ 17 വയസ്സുള്ള രണ്ട് കൗമാരക്കാരും 20 വയസ്സുള്ള ഒരു യുവാവും വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടു. സമയപുരം സ്വദേശികളായ രാഹുൽ (17), വിശാൽ (17) എന്നിവരെ ധനലക്ഷ്മി ശ്രീനിവാസൻ സർവകലാശാല ക്യാമ്പസിന് സമീപത്തു വെച്ച് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുരത്തുകുടിയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്രിസ്റ്റഫർ (20) എന്ന യുവാവും കുത്തേറ്റ് മരിച്ചു.

തിരുച്ചിറപ്പള്ളിയിലെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി എസ്.പി ഡോംഗരെ പ്രവീൺ ഉമേഷ് അറിയിച്ചു. ദീപാവലി രാത്രിയിലെ തുടർച്ചയായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.



വളരെ പുതിയ വളരെ പഴയ