തളിപ്പറമ്പ്: അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് സംഭവം.
കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പി.കെ. ബസ്സിലാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കോഴിക്കോട് അഴിയൂർ സ്വദേശി അജിത, മകൾ ശ്രുതി, കൊച്ചുമകൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബസ് ധർമശാലയിലെത്തിയപ്പോൾ ഡ്രൈവർ അശ്രദ്ധമായും അപകടകരമായ രീതിയിലും ബസ് ഓടിച്ച് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.
ഇതിനെ തുടർന്ന് ബസിലുണ്ടായിരുന്ന മൂവരും മുന്നോട്ട് തെറിച്ചു വീഴുകയും ഡ്രൈവറുടെ തൊട്ടുപിന്നിലെ ചില്ലിലിടിച്ച് ശ്രുതിയുടെ പല്ല് ഒടിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
