കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തും സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാടകീയ നീക്കങ്ങളിലൂടെ സാഹസികമായാണ് നാലുപേരെയും കരിപ്പൂർ പോലീസ് പിടികൂടിയത്.
ബഹ്റൈനിൽ നിന്നെത്തിയ ഇടുക്കി സ്വദേശിനി അഭിരാമിയിൽ നിന്നാണ് 823 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തത്. അഭിരാമിയെ കൂട്ടിക്കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വിമാനത്താവളത്തിന് പുറത്തുവെച്ച് ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
