തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ ഈയാഴ്ചയോടെ സജീവമാകുമെന്നാണ് വിവരങ്ങൾ. മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തത് സംഘടനാ പ്രവർത്തനങ്ങളെ ബാധിച്ചെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് നീക്കം വേഗത്തിലാക്കിയത്.
എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഒരു വിഭാഗം നേതാക്കൾ ഷാഫി പറമ്പിലിനായി രംഗത്തുള്ളപ്പോൾ, എ.പി. അനിൽകുമാറും അധ്യക്ഷ പദവി ലക്ഷ്യമിട്ട് സജീവമാണ്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കായും സമ്മർദ്ദമുണ്ട്.
കെപിസിസി അധ്യക്ഷനെ നിയമിച്ച ശേഷം ഡിസിസി അധ്യക്ഷ തലത്തിലും അഴിച്ചുപണി നടത്തും. കേരളത്തിൽ ഉടൻ സംഘടനാ പുനഃസംഘടന നടത്തണമെന്ന് ഹൈക്കമാൻഡ് പ്രതിനിധി ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിരുന്നു. പല ജില്ലകളിലും സംഘടനാ പ്രവർത്തനം മന്ദഗതിയിലാണെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ അധ്യക്ഷൻ എത്തുന്നതോടെ താഴെത്തട്ടിൽ ഉൾപ്പെടെ പാർട്ടി സംവിധാനം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
