Zygo-Ad

വില കുറയുന്ന മരുന്നുകളുടെ പട്ടിക പുതുക്കി: ലക്ഷത്തിനു മുകളിൽ വിലയുള്ള മരുന്നുകളുടെ നിരക്കിൽ മാറ്റമില്ല


കണ്ണൂർ: വ്യാപാര കമ്മീഷൻ നിയന്ത്രിച്ചതിലൂടെ വില കുറയുന്ന ബ്രാൻഡഡ് മരുന്നുകളുടെ പട്ടിക ദേശീയ വിലനിയന്ത്രണ സമിതി വീണ്ടും പുതുക്കി. 543 ഇനങ്ങളുടെ പട്ടിക 643 ആക്കിയാണ് ഉയർത്തിയത്. എന്നാൽ ഇതിൽ 159 മരുന്നുകളുടെ വിലയിൽ മാറ്റമില്ലെന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

70 ശതമാനത്തിലധികം വില കുറയുന്നത് 124 ഇനം മരുന്നുകൾക്ക് മാത്രമാണ്. 151 മരുന്നുകൾക്ക് 50 മുതൽ 70 ശതമാനം വരെയും 45 എണ്ണത്തിന് 10 ശതമാനം വരെയുമാണ് വിലക്കുറവുള്ളത്. പട്ടികയിലെ എല്ലാ മരുന്നുകളുടെയും ശരാശരി എടുത്താൽ 38.2 ശതമാനം മാത്രമാണ് വില കുറഞ്ഞിട്ടുള്ളത്. ഏറെ വിലപിടിപ്പുള്ള മരുന്നുകളുടെ നിരക്കിൽ കാര്യമായ മാറ്റമില്ലെന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉദാഹരണത്തിന്, 60 എണ്ണത്തിന്റെ ഒരു പാക്കറ്റിന് 10 ലക്ഷത്തിലധികം രൂപ (10,21,992 രൂപ) വിലയുള്ള, ന്യൂറോ ഫൈബ്രോമാറ്റോസിസ് രോഗാവസ്ഥയ്ക്കെതിരെ ഉപയോഗിക്കുന്ന 'കോസെലുഗോ' എന്ന മരുന്നിന്റെ വിലയിൽ ഒരു മാറ്റവുമില്ല. ലക്ഷത്തിനു മുകളിൽ രൂപ വിലയുള്ള മറ്റു പല മരുന്നുകളുടെ നിരക്കിലും ഇളവുകൾ വരുത്തിയിട്ടില്ല. അതിനാൽ പരമാവധി വിലയും നിർമ്മാണച്ചെലവും വിതരണക്കാരുടെ കമ്മീഷനും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ട് കൂടുതൽ ഫലപ്രദമായ വിലനിയന്ത്രണ മാർഗ്ഗങ്ങൾ നടപ്പിലാക്കണമെന്ന് പൊതുജനാരോഗ്യ സംഘടനകൾ ആവശ്യപ്പെടുന്നു.


 

വളരെ പുതിയ വളരെ പഴയ