ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ശ്രീകാര്യം പൗണ്ട്കടവ് സ്വദേശി അഭിരാമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മുതൽ അഭിരാമിനെ കാണാതായിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും ഇടപ്പെടാൻ വൈകിയെന്നും അഭിരാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം നാട്ടുകാർ തടഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
കേസിൽ നിലവിൽ രണ്ട് പ്രതികളാണുള്ളത്. കൊലക്കുറ്റം ചുമത്തിയ പ്രതികൾ പതിനേഴുകാരനും ഉമർ എന്നയാളുമാണ്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കുന്നു. നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഇവരുടെ മൊഴി. പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ നടന്ന കൊലപാതകമാണെന്നും പെൺകുട്ടിയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ പെൺകുട്ടിയും കസ്റ്റഡിയിലാണ്.
പ്രതിയായ ഉമർ ഗുണ്ടാ ലിസ്റ്റിലുള്ളയാളും മറ്റൊരു പ്രതിയായ ആൺകുട്ടി മുൻപ് മോഷണക്കേസിൽ ഉൾപ്പെട്ടയാളുമാണ്. കൃത്യമായ വിവരം പോലീസ് നൽകുന്നില്ലെന്ന് അഭിരാമിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ഇന്നലെ പ്രതിയെ പിടികൂടിയെങ്കിലും വിട്ടയയ്ക്കുകയും തുടർന്ന് രാവിലെ വിളിച്ചു വരുത്തുകയുമായിരുന്നു. ഇന്നലെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിൽ അഭിരാമിനെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധു ആരോപിച്ചു.
