കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘവും സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയും തമ്മിൽ സംഘർഷം. സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. പൊലീസുകാരെ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നാലുപേർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെയാണ് വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബഹ്റൈനിൽനിന്ന് ഷാർജ വഴി കരിപ്പൂരിലെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27) ആണ് 816 ഗ്രാം സ്വർണവുമായി പിടിയിലായത്. എമർജൻസി ലാംപിന്റെ ബാറ്ററി കെയ്സിനുള്ളിൽ 14 ചെറുഷീറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. യുവതിയെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അഭിരാമിയും ഹർഷലും പാർക്കിങ് ഏരിയയിലെത്തിയതോടെയാണ് സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം എത്തിയത്. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി. ബവിലേഷ് (40), പി. സായന്ത് (28) എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവർ യുവതിയെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ച് സ്വർണം കവരാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഹോം ഗാർഡിന്റെ കൈയിൽ കടിച്ച് പരുക്കേൽപ്പിക്കുകയും പൊലീസുകാരെ കാറിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കരിപ്പൂർ പൊലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
പിടിയിലായ അഭിരാമിയെയും ഹർഷലിനെയും തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി. സ്വർണം തട്ടിയെടുക്കാനെത്തിയ ബവിലേഷിനെയും സായന്തിനെയും അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അഭിരാമിക്ക് സ്വർണം കൈമാറിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
