Zygo-Ad

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ: 'ഗോൾഡൻ ഗോൾ' പദ്ധതിയുമായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം: റോഡപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം അനുയോജ്യമായ ആശുപത്രികളിൽ എത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതിക്ക് രൂപം നൽകുന്നു. 108 ആംബുലൻസുകൾക്ക് പുറമെ മറ്റ് സർക്കാർ, സ്വകാര്യ ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ ആലോചന. അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരുന്ന പൊതുജനങ്ങളെ ആദരിക്കാനും പദ്ധതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വിപുലമായ ബോധവൽക്കരണം നൽകും.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ ഏകോപനം സാധ്യമാക്കുന്നത്. പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും അനുയോജ്യമായ ആശുപത്രിയിലേക്ക് രോഗിയെ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും.



വളരെ പുതിയ വളരെ പഴയ