ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവുകളുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിയായ ബിഹാർ സദർ ആശുപത്രി മാനേജറുടെ ജാമ്യം റദ്ദാക്കിയ പട്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സെഷൻസ് കോടതി നൽകിയ ജാമ്യം പുനഃസ്ഥാപിച്ചു നൽകുകയും ചെയ്തു.
ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്നയാളാണ് കേസിൽ അപ്പീൽ നൽകിയത്. പരാതിക്കാരന്റെ ശമ്പള തുകയായ 36,421 രൂപ അനുവദിക്കുന്നതിനായി 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ഇയാൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7(ബി) പ്രകാരം കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പരാതിക്കാരൻ പട്ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു.
കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച സുപ്രീം കോടതി, പ്രതി അറസ്റ്റിലായി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി. ഒരു സർക്കാർ ജീവനക്കാരൻ അറസ്റ്റിലാവുകയും 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്താൽ അയാൾ സസ്പെൻഷനിലായതായി കരുതേണ്ടതാണെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവുകൾ ഒന്നും തന്നെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
