കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്രവാസമേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് ബൃഹത്തായ കയറ്റുമതി പദ്ധതികൾ നടപ്പിലാക്കുന്നു. പ്രവാസലോകത്തേക്ക് പ്രതിമാസം നാല് ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലു ഗ്രൂപ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി പ്രതിമാസം 320 ടണ്ണിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വിമാനമാർഗ്ഗവും കപ്പൽ ഷിപ്പ്മെന്റുകൾ വഴിയുമായി കേരളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങളാണ്. പഴം, പച്ചക്കറി വിഭവങ്ങൾക്ക് പുറമേ ഇറച്ചി, മീൻ വിഭവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലുലുവിന്റെ കാർഗോ സർവീസ് വഴി കയറ്റുമതി ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം വരെ 3094 മെട്രിക് ടൺ പഴം-പച്ചക്കറി, കാർഷിക ഉൽപ്പന്നങ്ങളാണ് കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗവും കപ്പൽ മാർഗ്ഗവും പ്രവാസ ലോകത്ത് എത്തിച്ചത്. ഇതിൽ 2,951 മെട്രിക് ടൺ വിമാനമാർഗ്ഗമാണ് കൊണ്ടുപോയത്. 36 ചാർട്ടേഡ് വിമാന സർവീസുകൾ വഴി 851 മെട്രിക് ടണ്ണും, കപ്പൽ ഷിപ്പ്മെന്റുകളിലൂടെ 143 മെട്രിക് ടൺ കാർഷിക വിഭവങ്ങളും എത്തിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊമേഴ്സ്യൽ വിമാനങ്ങളിലായി 2,106 ടൺ പഴം-പച്ചക്കറി വിഭവങ്ങൾ പ്രവാസലോകത്തേക്ക് അയച്ചു. മാർച്ചിൽ 241 ടൺ, ഏപ്രിലിൽ 336 ടൺ, മേയിൽ 341 ടൺ, ജൂണിൽ 260 ടൺ, ജൂലൈയിൽ 211 ടൺ, ഓഗസ്റ്റിൽ 252 ടൺ, സെപ്റ്റംബറിൽ 183 ടൺ, ഒക്ടോബറിൽ 223 ടൺ, നവംബർ മാസത്തിൽ ഇതുവരെ 57 ടൺ എന്നിങ്ങനെയാണ് കയറ്റുമതി കണക്കുകൾ.
ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രത്യേക കാർഗോ സർവീസുകൾ വഴി മത്സ്യ-മാംസ ഉൽപ്പന്നങ്ങളും കയറ്റി അയച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നിർദേശാനുസരണം ലുലു ഫെയർ എക്സ്പോർട്ട് ആസൂത്രണം ചെയ്ത പദ്ധതിയിലൂടെയാണ് പ്രവാസമേഖലയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും കാർഷിക വിഭവങ്ങളുടെയും കയറ്റുമതി വേഗത്തിലാക്കിയത്. മറ്റ് വിമാനത്താവളങ്ങളിൽ ചരക്കുകയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ സിയാൽ വഴിയുള്ള കയറ്റുമതിയിൽ ലുലുവിന്റെ സജീവ ഇടപെടലിലൂടെ വൻ നേട്ടമാണ് കൈവരിക്കുന്നത്.
