Zygo-Ad

അഭിറാം കൊലപാതകം: ദിവസങ്ങളോളം നീണ്ട ആസൂത്രണമെന്ന് പൊലീസ്; മൂന്ന് പ്രതികൾ അറസ്റ്റിൽ


തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ അഭിറാമിനെ കൊലപ്പെടുത്തിയത് അതീവ ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഡാലോചന നടത്തിയിരുന്നു. പൊലീസ് പിടികൂടിയാൽ കൊലപാതകം താനാണ് ചെയ്തതെന്ന് പ്രായപൂർത്തിയാകാത്ത കുട്ടി ഏറ്റുപറയണമെന്നതടക്കം പ്രതികൾ പ്ലാൻ ചെയ്തിരുന്നുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

കേസിൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി, രണ്ടാം പ്രതി ഉമർ, ഒന്നാം പ്രതിയുടെ പെൺസുഹൃത്ത് ആനന്ദ എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉൾപ്പെട്ട അഭിറാമിന്റെ സുഹൃത്തിനെ സ്ഥലത്തേക്ക് എത്തിക്കുന്നതിനാണ് ആനന്ദയുടെ ഫോൺ ഉപയോഗിച്ച് അഭിറാമിനെ വിളിച്ചുവരുത്തിയത്. എന്നാൽ പ്രതികളുടെ ആവശ്യത്തിന് അഭിറാം വഴങ്ങാത്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. ഒരാൾ കൈകൊണ്ട് കഴുത്തുഞെരിച്ചപ്പോൾ മറ്റൊരാൾ ബെൽറ്റ് കൊണ്ട് കഴുത്തുമുറുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ആദ്യ ദിവസം ആനന്ദയുടെ കൈയിൽ നിന്ന് വാങ്ങി അയച്ചതിന് പുറമെ, തുടർന്നുള്ള ദിവസങ്ങളിൽ പെൺകുട്ടിയെന്ന വ്യാജേന ഒന്നാം പ്രതി അഭിറാമിന് സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമർ കാപ്പാ (KAAPA) കേസ് പ്രതിയാണെന്നും പൊലീസ് സൂചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഷെൽറ്റർ ഹോമിലേക്ക് മാറ്റി.

 

വളരെ പുതിയ വളരെ പഴയ