തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർദ്ധിച്ചത്. നിലവിൽ ഒരു കോഴിമുട്ടയുടെ വിപണി വില എട്ട് രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വില വർദ്ധനവിന് പ്രധാന കാരണമായിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വില കുറയാൻ ഇടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇതിനുപുറമേ കോഴിത്തീറ്റയുടെ വില വർദ്ധിച്ചതും ഉൽപ്പാദനച്ചെലവിനെ പ്രതികൂലമായി ബാധിച്ചു. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെയായി. കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവാണ് തീറ്റവില ഉയരാൻ കാരണം. എത്തനോൾ നിർമാണത്തിനായി ചോളം വ്യാപകമായി തിരിച്ചുവിട്ടതോടെ കോഴിത്തീറ്റ നിർമാണത്തിനുള്ള ചോളത്തിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഉൽപ്പാദനച്ചെലവിലെ വലിയ വർദ്ധനവും വിപണിയിലെ കടുത്ത ആവശ്യകതയുമാണ് നിലവിൽ മുട്ടവില ഉയരാൻ വഴിവെച്ചത്.
