ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള ആർ.എ.സി (Reservation Against Cancellation) സംവിധാനം നിർത്തലാക്കുന്ന കാര്യം ഇന്ത്യൻ റെയിൽവേയുടെ സജീവ പരിഗണനയിൽ. ഒരു ബർത്ത് കാൻസൽ ചെയ്യപ്പെടുമ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രണ്ട് യാത്രക്കാർക്ക് ഒരുമിച്ച് ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയാണിത്. എന്നാൽ ദീർഘദൂര രാത്രിയാത്രകളിൽ ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
ഒരു ബർത്തിൽ രണ്ട് പേർക്ക് ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്നതിനാൽ രാത്രികാലങ്ങളിൽ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമെ, അര ബർത്ത് മാത്രമാണ് ലഭിക്കുന്നതെങ്കിലും രണ്ട് യാത്രക്കാരിൽ നിന്നും ഒരു മുഴുവൻ ബർത്തിന്റെ ടിക്കറ്റ് നിരക്ക് തന്നെ ഈടാക്കുന്നത് അനീതിയാണെന്ന വിമർശനവും ഏറെക്കാലമായി ഉയരുന്നുണ്ട്.
പലപ്പോഴും അപരിചിതരായ സ്ത്രീകളും പുരുഷന്മാരും ഒരേ ബർത്ത് പങ്കിടേണ്ടി വരുന്നത് യാത്രയ്ക്കിടെ വലിയ അസ്വാരസ്യങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി, യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി ആർ.എ.സി സംവിധാനം പുനഃപരിശോധിക്കണമെന്ന് ഒരു പാർലമെന്ററി സമിതിയും അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവിധാനം ഒഴിവാക്കുന്നതിനെക്കുറിച്ച് റെയിൽവേ ആലോചിക്കുന്നത്.
