പേരാമ്പ്ര (കോഴിക്കോട്): ബാങ്ക് ജപ്തി നടപടികൾക്കിടെ പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി സ്വദേശിനിയായ കവിതയാണ് (42) മരിച്ചത്. വീട് ജപ്തി ചെയ്യുമെന്ന ഭയവും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദവുമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു.
പുതിയ വീട് നിർമ്മിക്കുന്നതിനായി നടുവണ്ണൂരിലെ ഒരു പ്രമുഖ ബാങ്ക് ശാഖയിൽ നിന്ന് കുടുംബം 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ പലിശയടക്കം തിരിച്ചടവ് തുക 49 ലക്ഷം രൂപയായി ഉയരുകയും സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവ് മുടങ്ങുകയും ചെയ്തു. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ജപ്തി നടപടികൾക്കായി വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കവിതയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
പെയിന്റ് കടയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വായ്പയിനത്തിൽ കവിതയും ഭർത്താവും ചേർന്ന് ഇതുവരെ എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നതായും, ബാക്കി തുക അടയ്ക്കാൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതർ അനുവദിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
