തിരുവനന്തപുരം: മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കാലപ്പഴക്കമുള്ള ഔദ്യോഗിക വാഹനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് 24 ഇന്നോവ കാറുകൾ വാങ്ങാൻ ഉത്തരവിറക്കിയത്. ഇതിനായി 9.60 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും പുതിയ വാഹനങ്ങൾ വാങ്ങുക.
പുതുതായി വാങ്ങുന്ന 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്ക് അനുവദിക്കും. ശേഷിക്കുന്ന രണ്ട് കാറുകൾ വിഐപികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുക.
മന്ത്രിമാരുടെ നിലവിലെ വാഹനങ്ങൾ കാലപ്പഴക്കം ചെന്നതിനാൽ മാറ്റണമെന്ന നിർദേശങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സർക്കാർ തീരുമാനം. എന്നാൽ 24 കാറുകൾക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെച്ചൊല്ലി പുതിയ തീരുമാനം രാഷ്ട്രീയ ചർച്ചയാകാനും സാധ്യതയുണ്ട്.
