Zygo-Ad

ചേരാനല്ലൂർ ബെൻസ് കാർ അപകടം: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ നിർണായക മൊഴി


കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക മൊഴി നൽകി പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ. താൻ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്‌കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കും.

കുട്ടിയുടെ സുഹൃത്തുക്കളുടെയും മറ്റും സാന്നിധ്യത്തിൽ നിന്നും മാറ്റി, പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയുടെ അനുമതി വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും മൊഴിയെടുത്തത്. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഹൈക്കോടതി നോട്ടീസും കുടുംബത്തിന്റെ ഹർജിയും

പ്രതിയായ പതിനേഴുകാരന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഹൈക്കോടതി ഇന്നലെ സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകൻ വഴി പതിനേഴുകാരനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അപകടത്തിന് പിന്നിൽ കേവലം അശ്രദ്ധയല്ലെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത സമീപനമാണുള്ളതെന്നും കുടുംബത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നത സ്വാധീനമുള്ളയാളാണ് കുട്ടിയുടെ പിതാവെന്നും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെട്ടത്.


വളരെ പുതിയ വളരെ പഴയ