കൊച്ചി: സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ കെ-ടെറ്റ് (K-TET) യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞത്. പരീക്ഷയിൽ യോഗ്യത നേടുന്നതിന് ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഇളവനുവദിച്ചുകൊണ്ട് പരീക്ഷാഭവൻ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് കേരള ജനറൽ ടീച്ചേഴ്സ് ഫോറം അംഗങ്ങളും പാലക്കാട് സ്വദേശികളുമായ വി.ആർ. അഭിലാഷ്, ഡോ. സംഗീത് രവീന്ദ്രൻ, ബിനോ വർഗീസ് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
ജനറൽ വിഭാഗം അധ്യാപകർക്ക് യോഗ്യത നേടാൻ 60 ശതമാനം മാർക്ക് ആവശ്യമാണെന്നിരിക്കെ, സംവരണ വിഭാഗങ്ങൾക്ക് ഇളവ് നൽകിയതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. അതേസമയം, പരീക്ഷാ നടത്തിപ്പ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. കേസിൽ വിശദീകരണം നൽകുന്നതിനായി സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി പരിഗണിക്കുന്നത് പിന്നീട് മാറ്റിവച്ചു.
