വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പൊലീസിന്റെ പിടിയിലായി. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പത്തും പതിനൊന്നും പ്രതികളാണ് ഇരുവരും.
പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ നിലവിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് അജിത്തും വിശാലും. ലഹരിമരുന്ന് ശൃംഖലയുടെ കൂടുതൽ കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 28-ന് പുലർച്ചെ വടകര ഐസ് പ്ലാന്റ് റോഡിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. തുടർന്ന് പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷൽ എജ്യുക്കേറ്റർമാരായ കീർത്തന (31), വി.പി. നീഷ്മ (30), ചെരുവാളൂർ സർക്കാർ എൽ.പി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ (29), ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്ക് നേരത്തെ വടകര എൻ.ഡി.പി.എസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
