തേവലക്കാട്: ഉച്ചാരണശുദ്ധിയില്ലെന്ന് ആരോപിച്ച് ആറാം ക്ലാസ് വിദ്യാർഥിയുടെ നാവ് ഈർക്കിൽ കൊണ്ട് വടിപ്പിക്കുകയും ക്ലാസ് മുറിയിൽ അപമാനിക്കുകയും ചെയ്ത അധ്യാപകനെ സസ്പെൻഡ് ചെയ്തു. തേവലക്കാട് എസ്എൻയുപി സ്കൂളിലെ അധ്യാപകൻ എസ് ആകർഷിനെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തത്.
രണ്ടുമാസം മുൻപ് നടന്ന സംഭവത്തിൽ മറ്റ് വിദ്യാർഥികളാണ് പ്രഥമാധ്യാപികയ്ക്ക് പരാതി നൽകിയത്. പരാതി ചൈൽഡ് വെൽഫെയർ അധികൃതർക്ക് കൈമാറിയതിന് പിന്നാലെ മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
പഠനത്തിന്റെ ഭാഗമായാണ് നാക്ക് വടിപ്പിച്ചതെന്ന അധ്യാപകന്റെ വിശദീകരണം മാനേജ്മെന്റ് തള്ളി. ഇത്തരമൊരു പ്രവർത്തനം പാഠ്യപദ്ധതിയിലോ സിലബസിലോ ഉൾപ്പെട്ടിട്ടില്ലെന്ന് മാനേജർ തോട്ടക്കാട് ശശി വ്യക്തമാക്കി. സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്നതിന് സ്കൂൾ പ്രഥമാധ്യാപികയ്ക്കെതിരെയും നേരത്തെ എഇഒ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് നൽകിയ വിശദീകരണത്തെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു.
-
