ന്യൂഡൽഹി: മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി. ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. വനിതാ സംവരണം ഉടൻ നടപ്പാക്കുന്നതിനായി മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബിൽ കൊണ്ടുവരും. മണ്ഡല പുനർനിർണയത്തിലൂടെയായിരിക്കും വനിതാ സംവരണം നടപ്പാക്കുക.
പുതിയ വ്യവസ്ഥ പ്രകാരം ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും. ഇതോടെ ലോക്സഭയിലെ പരമാവധി സീറ്റെണ്ണം 850 വരെയും നിയമസഭകളിൽ 650 വരെയും ഉയർത്താനാണ് നിർദ്ദേശം. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. ഇതിൽ പട്ടികജാതി-പട്ടികവർഗ (എസ്സി/എസ്ടി) വനിതകളെയും ഉൾപ്പെടുത്തും.
വനിതാ സംവരണം 2026-ലെ സെൻസസുമായി ബന്ധിപ്പിക്കാതെ, സെൻസസിന് കാത്തുനിൽക്കാതെ തന്നെ നടപ്പിലാക്കാനാണ് തീരുമാനം. സംവരണ സീറ്റുകൾ ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങൾക്കിടയിൽ മാറിമാറി നിശ്ചയിക്കും. പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം പുതിയ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കുകയും 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപായി പുതിയ മണ്ഡലങ്ങളുടെ ഭൂപടം തയ്യാറാക്കുകയും ചെയ്യും.
