കോഴിക്കോട്: നാദാപുരം തൂണേരിയിൽ വിവാഹച്ചടങ്ങിനിടെ വരന്റെ സംഘവും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്. ഞായറാഴ്ചയായിരുന്നു സംഭവം. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്.
വധുവിന്റെ വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തേ തന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് വരനോടൊപ്പം എത്തിയ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഇവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
വിവരമറിഞ്ഞ് നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പായി. ആർക്കും പരാതിയില്ലാത്തതിനാലും ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിനാലും സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ചയും നാദാപുരം മേഖലയിൽ വിവാഹച്ചടങ്ങിനിടെ സമാനമായ രീതിയിൽ സംഘർഷമുണ്ടായിരുന്നു.
