കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ഇന്ന് വരാനിരിക്കുന്ന വിധി സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. ആഭ്യന്തരകലഹങ്ങളും രക്തസാക്ഷി ഫണ്ട് വിവാദങ്ങളുമുണ്ടാക്കിയ വിള്ളലുകളടച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സി.പി.എമ്മിന് അനുകൂലമായ വിധി അനിവാര്യമാണ്. കേസിലെ പ്രതികൾ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെങ്കിലും കോടതി വിധി വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുക സി.പി.എമ്മിനുള്ളിലായിരിക്കും.
പത്ത് വർഷം മുൻപ് ധനരാജ് കൊല്ലപ്പെടുമ്പോഴുണ്ടായിരുന്ന സംഘടനാ കെട്ടുറപ്പ് നിലവിൽ പയ്യന്നൂരിൽ സി.പി.എമ്മിനില്ല. പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരെ തൃപ്തിപ്പെടുത്തുന്നതല്ല വിധിയെങ്കിൽ, തിരഞ്ഞെടുപ്പ് പരാജയമുണ്ടാക്കിയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ നിന്ന് പാർട്ടി ഇപ്പോഴും പൂർണ്ണമായി മുക്തമായിട്ടില്ല. അണികൾക്കുണ്ടായ അതൃപ്തി നിയമസഭാ തിരഞ്ഞെടുപ്പിൽ വി. കുഞ്ഞിക്കൃഷ്ണന് അനുകൂലമായതും പാർട്ടി പരാജയപ്പെട്ടതും സംബന്ധിച്ച പരിശോധനകളും നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല. രണ്ടംഗ കമ്മീഷൻ തെളിവെടുപ്പ് നടത്തിയിട്ടും വിശാല സമ്മേളനങ്ങൾ പൂർത്തിയാക്കിയിട്ടും പയ്യന്നൂരിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. വിധി പ്രതികൂലമായാൽ നേതൃത്വത്തിന് നേരെ ഉയരാനിരിക്കുന്ന ചോദ്യങ്ങൾക്ക് മൂർച്ചയേറും.
2016 ജൂലൈ 11-ന് രാത്രിയാണ് സി.പി.എം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ വാദമുഖങ്ങൾ കോടതിയിൽ പരാജയപ്പെട്ടാൽ അത് നേതൃത്വത്തിന് വലിയ തിരിച്ചടിയാകും. രക്തസാക്ഷി ഫണ്ട് വകമാറ്റാൻ കാണിച്ച താല്പര്യം കൊലയാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ നേതൃത്വം കാണിച്ചില്ലെന്ന വിമർശനം വി. കുഞ്ഞിക്കൃഷ്ണനും കൂട്ടരും ശക്തമാക്കാനും സാധ്യതയുണ്ട്.
അതേസമയം, വിധി അനുകൂലമായാൽ പയ്യന്നൂരിലെ സി.പി.എമ്മിന്റെ തിരിച്ചുവരവിന് അത് വലിയ കരുത്താകും. രക്തസാക്ഷി ഫണ്ടിനെച്ചൊല്ലി ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും, അണികളുടെ വിശ്വാസം വീണ്ടെടുത്ത് പിണങ്ങിയകന്ന പ്രവർത്തകരെ തിരികെ കൊണ്ടുവരാനും കേസിലെ വിജയം പാർട്ടിക്ക് തുണയാകും. കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ പിന്നീട് കൊല്ലപ്പെട്ടിരുന്നു (ഈ കേസിൽ സി.പി.എം പ്രവർത്തകരാണ് പ്രതികൾ).
