മുംബൈ: പ്രമുഖ കുപ്പിവെള്ള നിർമ്മാണ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) അനുമതി നൽകി. കമ്പനിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിൾ ഉപയോഗയോഗ്യമല്ലെന്നും സുരക്ഷിതമല്ലെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബിസ്ലേരി ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറൽ വാട്ടർ ഒഴികെയുള്ളത്) സാമ്പിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ അളവിൽ ബ്രോമേറ്റ് (Bromate) സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് കമ്പനി നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ രണ്ടാം ഘട്ട പരിശോധനയിലും വെള്ളത്തിൽ പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (Polynuclear Aromatic Hydrocarbons) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം (FSS Act) പ്രകാരം കമ്പനിക്കെതിരെ പ്രോസിക്യൂഷൻ ആരംഭിക്കാൻ അതോറിറ്റി അനുമതി നൽകിയത്.
വെള്ളം ശുദ്ധീകരിക്കുന്ന ചില പ്രക്രിയകൾക്കിടെ രൂപപ്പെടാവുന്ന രാസസംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തിൽ ഇതിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തേണ്ടതുണ്ട്. അനുവദനീയമായതിലധികം ബ്രോമേറ്റ് അടങ്ങിയ വെള്ളം ദീർഘകാലം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
രാജ്യത്തെ ഭക്ഷ്യവ്യവസായ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരായ പരിശോധനകളും നിയമനടപടികളും എഫ്.എസ്.എസ്.എ.ഐ അടുത്തിടെ കർശനമാക്കിയിരുന്നു. എനർജി ഡ്രിങ്കുകൾ, മദ്യപാനീയങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾക്കെതിരെയും അതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ബിസ്ലേരിയുടെ കുടിവെള്ള സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കിയത്.
