Zygo-Ad

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കുമെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും

 


തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പിന്റെ കർശന തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്.

സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യങ്ങൾ നൽകി ഗുളികകൾ, ഓയിന്റ്മെന്റ്, തൈലം എന്നിവ വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ഉൽപ്പന്നങ്ങളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയുണ്ടാകും.

മംഗലാപുരം - കാസർകോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വ്യാപകമായി വിറ്റഴിക്കുന്നതായാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കുന്നത്.

നിയമപോരാട്ടം ശക്തമാക്കുമെന്ന് മലപ്പുറത്തെ 17-കാരി

മുഖകാന്തി വർധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. അതേസമയം, സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇരയായ പെൺകുട്ടി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട കുട്ടി കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി.

താൻ ഉപയോഗിച്ചിരുന്ന 'എഫ് ട്യൂൺ' എന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയതായും ഇതിൽ നിന്നാണ് തനിക്ക് വൃക്കരോഗം ഉണ്ടായതെന്ന് മൊഴി നൽകിയതായും 17-കാരി പറഞ്ഞു. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും കുട്ടി കൂട്ടിച്ചേർത്തു. ഈ ക്രീം ഇപ്പോൾ ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും തനിക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് കരുതിയാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

ക്രീമുകളിൽ അപകടകരമായ അളവിൽ ഹെവി മെറ്റൽ സാന്നിധ്യം

സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനയിൽ ഫെയർനസ് ക്രീമുകളിൽ അപകടകരമായ അളവിൽ ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തിയിരുന്നു. അനുവദനീയമായതിലും 20,000 മടങ്ങ് മെർക്കുറി സാന്നിധ്യമാണ് ചില ക്രീമുകളിൽ കണ്ടെത്തിയത്. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ഹാനികരമായ രാസവസ്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. പരാതികൾ വ്യാപകമായതോടെ ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ഊർജ്ജിതമാക്കാനാണ് സർക്കാർ നീക്കം.

 

വളരെ പുതിയ വളരെ പഴയ