Zygo-Ad

മംഗല്യ സമുന്നതി പദ്ധതി; പെൺമക്കളുടെ വിവാഹത്തിന് 70,000 രൂപ ധനസഹായം, നവംബർ 30 വരെ അപേക്ഷിക്കാം

 


തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹച്ചെലവിന് 70,000 രൂപ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി (2026-27) പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. 2025 ജനുവരി ഒന്നിനും 2026 ഒക്ടോബർ 31നും ഇടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്കാണ് അപേക്ഷിക്കാൻ അവസരം.

മാതാപിതാക്കൾ മരണപ്പെട്ടതോ ഉപേക്ഷിച്ചുപോയതോ ആയ പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാം. വരുമാനം ഏറ്റവും കുറവുള്ളവർക്കും ഭിന്നശേഷിക്കാർ, മാരകരോഗബാധിതർ എന്നിവരുള്ള കുടുംബങ്ങൾക്കും തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. തിരിച്ചടയ്ക്കേണ്ടാത്ത ഒറ്റത്തവണ ധനസഹായമായ 70,000 രൂപ അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 30 വൈകിട്ട് അഞ്ച് മണി വരെയാണ്.

കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kswcfc.org വഴി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി രേഖപ്പെടുത്തിയ എസ്എസ്എൽസി ബുക്ക്, പിങ്ക് അല്ലെങ്കിൽ മഞ്ഞ റേഷൻ കാർഡിന്റെ പകർപ്പ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് എന്നിവയും മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം നൽകണം. മംഗല്യ സമുന്നതി (2026-27) പദ്ധതിയിലേക്കുള്ള അപേക്ഷ എന്ന് കവറിന് മുകളിൽ വ്യക്തമായി രേഖപ്പെടുത്തി തിരുവനന്തപുരത്തെ കോർപ്പറേഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.



വളരെ പുതിയ വളരെ പഴയ