തിരുവനന്തപുരം: സംസ്ഥാനത്തെ പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള ഭക്ഷ്യവകുപ്പിന്റെ പരിശോധനയ്ക്ക് തടയിട്ട് കേന്ദ്ര സർക്കാർ. പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ സംസ്ഥാനത്തിന് നൽകേണ്ടതില്ലെന്നാണ് എണ്ണക്കമ്പനികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം കഴിയുമെന്നിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ ഇടപെടൽ. ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കമ്മീഷണർ അയച്ച ഇമെയിലിന് എണ്ണക്കമ്പനികൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പെട്രോളിലെ എഥനോൾ സാന്നിധ്യം ആദ്യമായി പരിശോധിച്ചത് കർണാടക സർക്കാരായിരുന്നു. എന്നാൽ, 100 ശതമാനം ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്തുള്ള ഫലമല്ല ഇതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം കർണാടകയുടെ റിപ്പോർട്ട് തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും ശാസ്ത്രീയമായ പരിശോധന നടത്താൻ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. പരമ്പരാഗത രീതിയിലും ആധുനിക ഇൻസ്ട്രുമെന്റ് രീതിയിലും പരിശോധന നടത്താനായിരുന്നു തീരുമാനം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ റിഫൈനറികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കമ്മീഷണർ കത്ത് നൽകിയിരുന്നു. ആദ്യം പ്രതികരിക്കാതിരുന്ന എണ്ണക്കമ്പനികൾ, ആവർത്തിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് ശുദ്ധമായ പെട്രോൾ നൽകുന്നതിന് കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മറുപടി നൽകിയത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 13 പമ്പുകളിൽ നിന്നാണ് ഭക്ഷ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെ പെട്രോളിലെ എഥനോളിന്റെ കൃത്യമായ അളവ് കണ്ടെത്താൻ 100 ശതമാനം ശുദ്ധമായ പെട്രോൾ അനിവാര്യമാണ്. കർണാടകയ്ക്ക് സംഭവിച്ച സാങ്കേതിക പിഴവ് ആവർത്തിക്കാതെ കൃത്യമായ ഫലം കണ്ടെത്താനുള്ള കേരളത്തിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. കേന്ദ്ര നിലപാടിനെത്തുടർന്ന് ലാബുകളിൽ എത്തിച്ച സാമ്പിളുകൾ ഇനി പരമ്പരാഗത രീതിയിൽ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
