ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് വിമാന യാത്രയിൽ ഇരുമുടിക്കെട്ട് കൈവശം വെക്കാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിൻ ബാഗേജായി കൂടെ കൊണ്ടുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് വ്യോമയാന മന്ത്രാലയം തീർത്ഥാടകർക്ക് ഈ പ്രത്യേക ഇളവ് അനുവദിക്കുന്നത്.
തീർത്ഥാടകർക്ക് യാത്രയിൽ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS), സി.ഐ.എസ്.എഫ് (CISF), വിമാനത്താവള അധികൃതർ എന്നിവർക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയായി സുരക്ഷാ കാരണങ്ങളാൽ തേങ്ങ പോലുള്ള വസ്തുക്കൾ ക്യാബിൻ ബാഗേജിൽ അനുവദിക്കാറില്ലെങ്കിലും, അയ്യപ്പഭക്തരുടെ വിശ്വാസവും ആചാരവും പരിഗണിച്ചാണ് മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ഇളവ് നൽകുന്നത്.
