കരിപ്പൂർ (മലപ്പുറം): കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിന്റെ സോളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണമിശ്രിതം പിടികൂടി. സംഭവത്തിൽ കണ്ണൂർ പാതിരിയാട് സ്വദേശിയായ അസ്സുവിനെ (47) കരിപ്പൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടി.
ചൊവ്വാഴ്ച പുലർച്ചെ 1.45-ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 1467 ഗ്രാം സ്വർണ്ണമിശ്രിതമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. ധരിച്ചിരുന്ന ഷൂവിനുള്ളിലെ രണ്ട് സോളുകളിലും കറുത്ത തുണികൊണ്ട് മൂടിയ നിലയിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഒരു സോളിൽ 733.6 ഗ്രാമും മറ്റേ സോളിൽ 733.4 ഗ്രാമുമാണ് സൂക്ഷിച്ചിരുന്നത്.
പിടികൂടിയ സ്വർണ്ണമിശ്രിതവും പ്രതിയെയും പോലീസ് തുടർനടപടികൾക്കായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
