Zygo-Ad

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി ഇന്ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയിൽ


കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിലെ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിധി വരുന്നത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 33 പ്രതികളാണ് കേസിലുള്ളത്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുള്ളത്.

കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രതികൾക്കെതിരെ പോലീസിന് മൊഴി നൽകിയ പ്രധാന സാക്ഷികളിൽ ചിലർ വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ ചിലർ വിദേശത്താണ്. അതുകൊണ്ടുതന്നെ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെയുള്ള സി.ബി.ഐയുടെ ഗൂഢാലോചന വാദങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നത് കേസിൽ നിർണ്ണായകമാണ്. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.



വളരെ പുതിയ വളരെ പഴയ