Zygo-Ad

ഡ്രൈവിങ് ലൈസൻസ് കരാർ ക്രമക്കേട്: സാവകാശം തേടിയ സർക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി; ചൊവ്വാഴ്ച സത്യവാങ്മൂലം നൽകാൻ നിർദേശം


കൊച്ചി: ഡിജിപി എസ്. ശ്രീജിത്ത് ഉൾപ്പെട്ട ഡ്രൈവിങ് ലൈസൻസ് കരാർ ക്രമക്കേട് കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സാവകാശം തേടിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി. രേഖകൾ കൈമാറാൻ ഒരാഴ്ചത്തെ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി, വരുന്ന ചൊവ്വാഴ്ച തന്നെ കൃത്യമായ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിക്കാൻ കർശന നിർദേശം നൽകി.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ പൂർണ്ണമായ വിവരങ്ങൾ നൽകാത്തതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി നേരിട്ട് കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചത്. റിപ്പോർട്ടുകളെല്ലാം പൂർണ്ണമാണെന്നും രേഖകൾ കോടതിക്ക് കൈമാറാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്നുമായിരുന്നു സർക്കാരിന്റെ പ്രധാന വാദം. എന്നാൽ ഒരാഴ്ചത്തെ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ ഐ.ടി.ഐ ലിമിറ്റഡിന് ഏകപക്ഷീയമായി കരാർ നൽകിയെന്നും, സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവുകൾ നിലനിൽക്കെ 32.93 കോടിയിലധികം രൂപ പദ്ധതിക്കായി അനുവദിച്ചെന്നുമാണ് പ്രധാന ആരോപണം. ദിപിൻ എടവന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഹർജിയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മുമ്പ് നൽകിയ മറുപടികൾ അപൂർണ്ണമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിശദീകരണങ്ങൾ കേസിൽ നിർണായകമാകും.

 

വളരെ പുതിയ വളരെ പഴയ