Zygo-Ad

ശബരിമല ബസുകളിൽ മാലിന്യത്തിനെതിരെ ബോധവൽക്കരണ സന്ദേശം വേണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം


കൊച്ചി: ശബരിമലയിലേക്ക് തീർത്ഥാടകരുമായി പോകുന്ന കെഎസ്ആർടിസി ബസുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യണമെന്ന് ഹൈക്കോടതി. പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

വിവിധ ഭാഷകളിൽ റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണം. ബസുകളിൽ സ്പീക്കറുകൾ സ്ഥാപിച്ച് യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളിൽ ഈ സന്ദേശങ്ങൾ കേൾപ്പിക്കണം. തീർത്ഥാടകർ സന്നിധാനത്തേക്ക് പോകാൻ ബസ് കയറുന്ന സ്റ്റാൻഡുകളിലും സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

ശബരിമല പ്രവേശന കവാടങ്ങളിൽ വിവിധ ഭാഷകളിലുള്ള ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കണമെന്ന 2025-ലെ ഉത്തരവ് നടപ്പാക്കാനും ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഓരോ 50 മീറ്ററിലും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ നിക്ഷേപിക്കാൻ വലിയ വാട്ടർപ്രൂഫ് ബിന്നുകൾ സ്ഥാപിക്കുക, സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുക, ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ദ്രുതകർമ സേന രൂപീകരിക്കുക തുടങ്ങിയ മുൻ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ