Zygo-Ad

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം; ലംഘിച്ചാൽ 5000 രൂപ പിഴ, അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി


പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിൽ തീർത്ഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനമേർപ്പെടുത്തി. പമ്പാനദിയിലോ സ്നാനഘട്ടങ്ങളിലോ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ ചുമത്തുമെന്നും, പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര ഉത്തരവിൽ വ്യക്തമാക്കി. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധന ഉത്തരവ് പ്രാബല്യത്തിലുള്ളത്.

ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്നത്. ആവർത്തിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് കടന്നത്. പമ്പാ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം നൽകിയിട്ടുണ്ട്. ഇതിനായി പമ്പയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കും.

പമ്പാനദിയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ ഉപേക്ഷിക്കാൻ പാടില്ല. കൂടാതെ നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും.

ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തും. ഈ തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പാനദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ കർശന നടപടി.



വളരെ പുതിയ വളരെ പഴയ