Zygo-Ad

അമിത മെർക്കുറി അടങ്ങിയ 'എഫ് ട്യൂൺ' ഫെയർനെസ് ക്രീമിനെതിരെ കേസ്; യുവതിയുടെ മൊഴി രേഖപ്പെടുത്തി അരീക്കോട് പോലീസ്


മലപ്പുറം: അമിത അളവിൽ മെർക്കുറി അടങ്ങിയ 'എഫ് ട്യൂൺ' (F Tune) ഫെയർനെസ് ക്രീമിനെതിരെ പോലീസ് കേസെടുത്തു. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം അരീക്കോട് സ്വദേശിനിയായ 18-കാരിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവത്തിലാണ് നടപടി. പെൺകുട്ടിയുടെ വിശദമായ മൊഴി അരീക്കോട് പോലീസ് രേഖപ്പെടുത്തി.

കേസുമായി ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിൾ പോലീസിന് കൈമാറിയതായും പെൺകുട്ടി വ്യക്തമാക്കി. കൂടാതെ ഉപഭോക്തൃ കോടതിയെയും സമീപിക്കുമെന്ന് അവൾ അറിയിച്ചു. നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവർ ഉടൻ തന്നെ അത് നിർത്തണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. താൻ ഈ അവസ്ഥയിൽ അകപ്പെട്ടെങ്കിലും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, തന്റെ ക്ലാസിലെ നിരവധി കുട്ടികൾ ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും അവൾ പറഞ്ഞു.

മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴാണ് ആരോഗ്യപ്രശ്നം ഗൗരവമായി കണ്ടത്. ക്രീം ഉപയോഗിക്കുന്ന പലർക്കും കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും, ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വീട്ടുകാരോട് പറയണമെന്നും പെൺകുട്ടി നിർദ്ദേശിച്ചു. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായതിനാലാണ് ഈ അവസ്ഥയിലെങ്കിലും രക്ഷപ്പെടാനായതെന്നും, ചർമ്മത്തിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ ഇനി വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അവൾ കൂട്ടിച്ചേർത്തു.

ദുബായിൽ നിന്ന് നിർമ്മിക്കുന്ന ഈ ക്രീം ഓൺലൈൻ വഴി മാത്രമായിരുന്നു വിൽപ്പനയെന്നാണ് കരുതിയിരുന്നതെങ്കിലും, നാട്ടിലെ ചെറിയ കോസ്മെറ്റിക് കടകളിൽ പോലും ഇവ സുലഭമായി ലഭ്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈനിലേക്കാൾ വില ഈടാക്കി വിൽപ്പന നടത്തിയിട്ടും ക്രീമിന് ആവശ്യക്കാർ ഏറെയാണെന്നാണ് വ്യാപാരികൾ പറയുന്നത്.



വളരെ പുതിയ വളരെ പഴയ