Zygo-Ad

മഴ കാണാനില്ല!! ഒക്ടോബർ ഒന്നുമുതൽ ഒൻപത് ജില്ലകളിൽ സാധാരണയേക്കാൾ ലഭ്യതയിൽ കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


തിരുവനന്തപുരം: ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ശരാശരിയെക്കാൾ 19 ശതമാനം കുറവോ, 19 ശതമാനം കൂടുതലോ മഴ ലഭിച്ചാൽ അത് സാധാരണ മഴയായാണ് കണക്കാക്കുന്നത്. 20 മുതൽ 59 ശതമാനം വരെ കുറവുണ്ടാകുന്നതിനെയാണ് മഴക്കുറവ് എന്ന് പറയുന്നത്.

സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ ഒൻപത് ഇടത്തും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മഴക്കുറവ് മലപ്പുറം ജില്ലയിലാണ്; 42 ശതമാനം കുറവ്. കാസർഗോഡ്, തൃശൂർ, ഇടുക്കി ജില്ലകളിൽ 37 ശതമാനം വീതം മഴക്കുറവുണ്ട്. കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 28 ശതമാനവും കണ്ണൂരിൽ 27 ശതമാനവും കോഴിക്കോട്ട് 22 ശതമാനവും മഴക്കുറവുണ്ട്.

അതേസമയം, വയനാട് ജില്ലയിൽ മാത്രമാണ് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചത്; നാല് ശതമാനം വർദ്ധനവ്. തിരുവനന്തപുരത്ത് 12 ശതമാനവും ആലപ്പുഴയിൽ 16 ശതമാനവും പാലക്കാട്ടും പത്തനംതിട്ടയിലും 18 ശതമാനം വീതവും മഴക്കുറവുണ്ടായെങ്കിലും ഇവ സാധാരണ മഴയുടെ പരിധിയിലാണ് വരുന്നത്. സംസ്ഥാനത്ത് ഒക്ടോബർ മുതൽ മധ്യ-വടക്കൻ ജില്ലകളിലാണ് മഴക്കുറവ് കൂടുതൽ പ്രകടമായിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ