ഗുരുവായൂർ (തൃശ്ശൂർ): 32 ദിവസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31-കാരിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ഗുരുവായൂർ കാവീട് കാരയൂർ മാത്രംകോട്ട് ഐശ്വര്യയാണ് മരിച്ചത്. ദേശമംഗലം പോസ്റ്റ് ഓഫീസിലെ പോസ്റ്റ്വുമണായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ഐശ്വര്യ. കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കാരയൂരിലെ വീട്ടിൽ എത്തിച്ചു. വടക്കാഞ്ചേരി പട്ടുകുളങ്ങര സ്വദേശി നിതീഷാണ് ഭർത്താവ്. സഹദേവൻ, ഗീത എന്നിവർ മാതാപിതാക്കളും അശ്വിൻ സഹോദരനുമാണ്.
