Zygo-Ad

തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ നിറച്ചു;പുതിയ തട്ടിപ്പ് രീതി പുറത്ത്


തിരുവമ്പാടി: തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ നിറയെ ചെറിയ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ തൂക്കം കൂട്ടാനുള്ള പുതിയ തട്ടിപ്പ് രീതി പുറത്തായി. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തുന്ന ഷിബുവിനാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. കാന്റീനിൽ കറി തയ്യാറാക്കുന്നതിനായി തിരുവമ്പാടിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ നിറയെ കല്ലുകൾ കണ്ടെത്തിയത്.

ആദ്യം കൗതുകവും അത്ഭുതവും തോന്നിച്ച സംഭവം വിവരമറിഞ്ഞ് ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകൻ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ആസൂത്രിത തട്ടിപ്പാണെന്ന് വ്യക്തമായത്. തേങ്ങയുടെ കണ്ണ് ഭാഗം വിദഗ്ധമായി തുരന്ന് ഉള്ളിലെ വെള്ളം നീക്കം ചെയ്ത ശേഷം, ആ ദ്വാരത്തിലൂടെ ചെറിയ കല്ലുകൾ നിറച്ചതായാണ് കണ്ടെത്തിയത്. തേങ്ങയുടെ തൂക്കം വർധിപ്പിച്ച് കൂടുതൽ വില ലഭിക്കുന്നതിനായി മനഃപൂർവം ചെയ്ത കൃത്രിമമാണിതെന്നാണ് നിഗമനം. പുറംഭാഗം പരിശോധിച്ചാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു ഈ തട്ടിപ്പ്.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് തേങ്ങ വാങ്ങുന്ന സാധാരണക്കാരും വ്യാപാരികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തേങ്ങ വാങ്ങുമ്പോൾ കണ്ണിന്റെ ഭാഗത്ത് അസ്വാഭാവികമായ ദ്വാരങ്ങളോ അടയാളങ്ങളോ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണം. മൊത്തമായി തേങ്ങ വാങ്ങുന്ന വ്യാപാരികൾ ഇടയ്ക്കിടെ ചിലത് പൊട്ടിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ