പത്തനംതിട്ട: പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന തീർഥാടകർക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തി. ഇനി മുതൽ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാൻ തയ്യാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി ശബരിമല എ.ഡി.എം. ഉത്തരവ് പുറത്തിറക്കി.
കഴിഞ്ഞ തീർഥാടനകാലത്ത് പമ്പയിൽനിന്ന് ടൺ കണക്കിന് വസ്ത്ര മാലിന്യങ്ങളാണ് അധികൃതർ നീക്കം ചെയ്തത്. എന്നാൽ, മാലിന്യം നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ നദിയും പരിസരവും വീണ്ടും വസ്ത്രങ്ങൾകൊണ്ട് നിറയുന്ന സാഹചര്യമാണുണ്ടായിരുന്നത്.
നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് കാണിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ബോധവത്കരണം നടത്തിയും അധികൃതർ ശ്രമിച്ചിരുന്നെങ്കിലും ഇത് തുടരുകയായിരുന്നു. തുണിമാലിന്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല തന്ത്രിയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പമ്പയുടെ ശുചിത്വം ഉറപ്പാക്കുകയും നദിയിലെ തുണിമാലിന്യം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യം.
