തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ (Hazard Perception Test) മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കാൻ ധാരണയായി. ഡിസംബർ ഒന്ന് മുതൽ പദ്ധതി നടപ്പിലാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ടെസ്റ്റ് നീട്ടിവെക്കാൻ തീരുമാനമായത്. ഇതോടെ നിലവിലുള്ള രീതിയിൽ തന്നെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ തുടരും.
വാഹനം ഓടിക്കുന്നതിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാനും പ്രാപ്തരാക്കുന്നതാണ് ഹസാർഡ് പെർസെപ്ഷൻ പരിശീലനം. അപേക്ഷകരുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ശേഷിയാണ് ഈ പരീക്ഷയിലൂടെ വിലയിരുത്തുക.
ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടെസ്റ്റ് നടത്തുക. ലേണേഴ്സ് പരീക്ഷ വിജയിച്ച് 30 ദിവസം പൂർത്തിയാകുമ്പോൾ അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. വ്യത്യസ്ത അപകടസാഹചര്യങ്ങൾ ചിത്രീകരിച്ച 10 വീഡിയോകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക.
