തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് തീർത്ഥാടകർക്ക് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഏജൻസികൾ ഉയർന്ന തുകയ്ക്ക് സ്ലോട്ടുകൾ വിറ്റഴിച്ചത്. വെർച്വൽ ക്യൂ ബുക്കിംഗ് സോഫ്റ്റ്വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്തായിരുന്നു തട്ടിപ്പ്.
ഒറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി ബുക്കിങ്ങുകൾ നടത്താൻ സാധിക്കുന്ന രീതിയിലുള്ള പിഴവാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിയത്. ബുക്കിംഗ് സമയത്ത് ഒ.ടി.പി (OTP) പരിശോധന ഇല്ലാതിരുന്നത് കൂട്ടത്തോടെ സ്ലോട്ടുകൾ കൈക്കലാക്കാൻ ഏജൻസികൾക്ക് വഴിയൊരുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
