തിരുവനന്തപുരം: വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനകൾക്കെതിരെ വ്യാപാരികൾ രംഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ ടാർഗറ്റ് തികയ്ക്കാൻ വേണ്ടിയാണ് കടകളിൽ കയറി പരിശോധന നടത്തുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് യാതൊരു സംവിധാനവുമില്ലെന്നും, അതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന കേന്ദ്രങ്ങളിലാണ് അധികൃതർ പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിൽക്കാൻ പാടില്ലാത്ത നിരോധിത ഉൽപ്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ വ്യാപാരികളെ മുൻകൂട്ടി അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും ദേവസ്യ മേച്ചേരി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. മലപ്പുറത്ത് മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഓപ്പറേഷൻ സൗന്ദര്യ പരിശോധനകൾ വീണ്ടും കർശനമാക്കിയത്.
