കോഴിക്കോട്: നരിക്കുനിക്ക് സമീപമുള്ള സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചതായി പരാതി. പരുക്കേറ്റ അരക്കിണർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശത്തിന് ക്ഷതമേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ (ഐ.സി.യു) വെന്റിലേറ്ററിലാണുള്ളത്. സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഏഴാം ക്ലാസുകാരനെ മർദിച്ചതെന്നാണ് വിവരം.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടിക്ക് ഹോസ്റ്റലിൽ വെച്ചും മർദനമേറ്റിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. എസ്.ഐ അമൽരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിലും ആശുപത്രിയിലും എത്തി പ്രാഥമിക അന്വേഷണം നടത്തി.
