തിരുവനന്തപുരം: തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും കൈവശമുണ്ടായിട്ടും വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അജ്ഞാതനായി കഴിഞ്ഞത് 11 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസണെക്കുറിച്ചുള്ള വിവരം ബന്ധുക്കൾ അറിഞ്ഞത് മരണശേഷം മാത്രമാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി.
സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായിരുന്നു ജോൺസൺ. ഒക്ടോബർ 17-ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്നാണ് ജോൺസണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ആംബുലൻസിൽ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ആശുപത്രി അധികൃതർ ജോൺസന്റെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. എന്നിട്ടും വീട്ടുകാരെയോ പോലീസിനെയോ ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ല.
അതേസമയം, ജോൺസണെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബർ 27-നാണ് ജോൺസൺ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് ശേഷമാണ് പോലീസ് വഴി വീട്ടുകാർ വിവരം അറിയുന്നത്. വിവരം യഥാസമയം അറിഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നും കുടുംബം ആരോപിച്ചു.
