Zygo-Ad

സംസ്ഥാനത്തെ പെട്രോളിലെ എഥനോൾ പരിശോധന: നിയമോപദേശം തേടാൻ സർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോളിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. താരതമ്യ പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യപ്പെട്ടിട്ടും എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം.

കത്തിന് പുറമെ റിമൈൻഡർ നോട്ട് അയച്ചിട്ടും കമ്പനികൾ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. എണ്ണക്കമ്പനികളുടെ മറുപടി ലഭിച്ചില്ലെങ്കിൽ നിയമോപദേശം തേടിയ ശേഷം മറ്റ് രീതികളിൽ പരിശോധന നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.

പരിശോധനാ ഫലം ഭാവിയിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നിയമോപദേശം തേടുന്നത്. നേരത്തെ കർണാടക സർക്കാർ നടത്തിയ സമാനമായ പരിശോധനാ ഫലം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ കരുതലോടെയുള്ള നീക്കം. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ എണ്ണക്കമ്പനികൾ സാമ്പിൾ നൽകാമെന്ന് ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. കമ്പനികളുടെ ഈ പിന്മാറ്റം ഉൾപ്പെടെ കോടതിക്ക് മുന്നിലെത്തിക്കുന്ന തരത്തിലാകും നിയമപരിശോധന.

ഒക്ടോബർ അവസാനവാരം കർണാടകയിലെ ഏഴ് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർത്തിയതായി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചതും, താരതമ്യ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതും.



വളരെ പുതിയ വളരെ പഴയ