Zygo-Ad

തൂക്കുകയറിന് പകരം വിഷം കുത്തിവച്ചുള്ള മരണം: കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി; കാലത്തിനൊത്ത് മാറിക്കൂടെയെന്ന് ചോദ്യം


ന്യൂഡൽഹി: തൂക്കുകയർ വിധിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കത്തോട് കേന്ദ്ര സർക്കാർ പ്രതികൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, കാലത്തിനൊത്ത് മാറാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കോടതി വിമർശിച്ചു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തൂക്കുകയർ എന്ന രീതി ഇല്ലാതാക്കുക, അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തൂക്കുകയറോ വിഷം കുത്തിവച്ചുള്ള മരണമോ എന്നതിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുക എന്നീ ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്. എന്നാൽ, ശിക്ഷിക്കപ്പെട്ടയാൾക്ക് ഇത്തരം ഓപ്ഷനുകൾ നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ