ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ വെട്ടിക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റംവരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ദേശീയപാതകളിലെ ബാരിയർ രഹിത മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ (എം.എൽ.എഫ്.എഫ്) ടോൾ പ്ലാസകളിലെ നിയമലംഘനങ്ങൾക്കാണ് ഈ പിഴ ബാധകമാകുക. യഥാർത്ഥ ടോൾ തുക കൂടി ചേരുമ്പോൾ നിയമലംഘകർ ആകെ ആറിരട്ടി തുക നൽകേണ്ടിവരും.
ഫാസ്ടാഗ് പതിക്കാതിരിക്കുകയോ മനഃപൂർവം പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ഈ കടുത്ത പിഴ ഈടാക്കും. ഉദാഹരണത്തിന്, 100 രൂപ ടോൾ ഉള്ളയിടത്ത് 500 രൂപ പിഴയും 100 രൂപ യഥാർത്ഥ ടോളും ഉൾപ്പെടെ ആകെ 600 രൂപ അടയ്ക്കേണ്ടിവരും. നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ചാലും ഫാസ്ടാഗ് റീഡറുകളുടെ കണ്ണുവെട്ടിക്കാൻ ശ്രമിച്ചാലും കർശന നടപടി നേരിടേണ്ടിവരും.
ടോൾ പ്ലാസകളിൽ റോഡിന് കുറുകെയുള്ള സ്റ്റീൽ കമാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) ക്യാമറകളും വഴിയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണാവുന്ന രീതിയിൽ സൂക്ഷിക്കണമെന്നും ഫാസ്ടാഗ് കൃത്യമായി പതിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
