Zygo-Ad

പാങ്ങാപ്പാറ അഭിറാം വധക്കേസ്: കൊല്ലപ്പെട്ട അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാതെ പോലീസ്; പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്


തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ് വലയുന്നു. കൊലപാതകത്തിന് ശേഷം ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ തോട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി അനന്ത എന്നിവരെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. ഒന്നാം പ്രതിയായ പതിനേഴുകാരനെയും നാലാം പ്രതിയും ഉമറിന്റെ പെൺസുഹൃത്തുമായ ഐശ്വര്യയെയും നാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കും. തുടർന്ന് ഇവരെ കൊലപാതകം നടന്ന സ്ഥലത്തും ഒളിവിൽ കഴിഞ്ഞ കേന്ദ്രങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ഡിസിപിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയായിരിക്കും തെളിവെടുപ്പ് നടത്തുക. പ്രതി അനന്തയുടെ സ്വകാര്യ ദൃശ്യങ്ങൾ അഭിറാമിന്റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



വളരെ പുതിയ വളരെ പഴയ