ന്യൂഡൽഹി: തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമായ ദീപാവലി ആഘോഷത്തിൽ രാജ്യം. മൺചിരാതുകളിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും കുട്ടികളും മുതിർന്നവരും ഒരുപോലെ ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്.
പതിനാല് വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷസൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ പുതുക്കലാണ് ഈ ദിനമെന്നും കരുതപ്പെടുന്നു. വടക്കേ ഇന്ത്യയിൽ പുതുവസ്ത്രങ്ങൾ ധരിച്ചും മെഹന്തി അണിഞ്ഞും വിപുലമായ രീതിയിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ഐതിഹ്യങ്ങൾക്കപ്പുറം സൗഹാർദത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തി ഏവരെയും ഒന്നിച്ചുചേർക്കുന്ന ഉത്സവമായി ദീപാവലി മാറുന്നു.
