തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായി ഉയർത്തി. നേരത്തെ 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇപ്പോൾ 25 കോടിയാക്കി മാറ്റിയത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും.
ഓണം ബംബറിന്റെ സമ്മാനത്തുക 30 കോടിയായി ഉയർത്തിയതിന് പിന്നാലെയാണ് ക്രിസ്മസ്-ന്യൂ ഇയർ ബംബർ ലോട്ടറിയുടെയും സമ്മാനത്തുക വർദ്ധിപ്പിച്ചത്. സമ്മാനത്തുക ഉയർത്തിയതിനൊപ്പം ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. 400 രൂപയായിരുന്ന ടിക്കറ്റ് വില 450 രൂപയായാണ് ഉയർത്തിയത്.
നവംബർ 28 മുതൽ ബംബർ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പും ഏജന്റുമാരും.
